2009 നവംബർ 29, ഞായറാഴ്‌ച

ഒരു കഫ്തീരിയ ജീവനക്കാരന്റെ പെരുന്നാള്‍

ഒരു കഫ്തീരിയ ജീവനക്കാരന്റെ പെരുന്നാള്‍
പെരുന്നാള്‍ ദിനത്തില്‍ ഗള്‍ഫിലെ കഫ്തീരിയ ജീവനക്കാരന്‍ എന്തു ചെയ്യുന്നു?
ചായ കുടിക്കാനുപയോഗിക്കുന്ന ഡിസ്പോസിബിള്‍ കപ്പ് പോലെയാണ് ഗള്‍ഫിലെ കഫ്തീരിയ (ചെറുകിട ചായക്കട) ജീവനക്കാരന്‍. യൂസ് ആന്റ് ത്രോ. കഫ്തീരിയ ഉടമകള്‍ ഇവരെക്കൊണ്ട് കഠിനമായി ജോലി ചെയ്യിപ്പിക്കും. പിന്നീട്, ഊറ്റിയെടുക്കാന്‍ ഇനിയൊന്നുമില്ലാത്ത അവസ്ഥയെത്തിയാല്‍ സുന്ദരമായി പറഞ്ഞുവിടും.

പക്ഷെ, കാസര്‍കോട് കുമ്പള ആരിക്കാടി കടവത്ത് സ്വദേശി അബ്ദുല്ല മുഹമ്മദ് എന്ന കഫ്തീരിയജീവനക്കാരന് ഇത്തരമൊരു ദുര്‍ഗതി വന്നിട്ടില്ല. ഇയാള്‍ ജോലി ചെയ്യുന്ന ഷാര്‍ജ റോള ഫാത്തിമ സൂപ്പര്‍മാര്‍ക്കറ്റിന് പിന്‍വശത്തെ അല്‍ ഹുജൂന്‍ കഫ്തീരിയ നടത്തുന്ന
തലശ്ശേരി സ്വദേശി സാലിഹ് ഇദ്ദേഹത്തോട് പിതൃ തുല്യമായ പരിഗണനയാണ് കാട്ടുന്നത്. 60 വയസ്സ് കഴിഞ്ഞാല്‍ യുഎഇയില്‍ താമസിക്കുന്നതിന് വിദേശികള്‍ക്ക് കര്‍ശന നിയന്ത്രണമുള്ള ഒരു രാജ്യത്ത് 59 പ്രായം പിന്നിട്ട അബ്ദുല്ല മുഹമ്മദിന്റെ വിസ അടുത്തിടെ സാലിഹ് മൂന്ന് വര്‍ഷത്തേക്ക് പുതുക്കി നല്‍കി മാതൃക കാണിച്ചു.

ഏവരും സ്നേഹത്തോടെ അബ്ദുല്ലച്ച എന്ന് വിളിക്കുന്ന ഈ മനുഷ്യന്‍ എന്തിനാണ് ഇത്രയും പ്രായം ചെന്നിട്ടും ഗള്‍ഫ് മലരാണ്യത്തില്‍ കഷ്ടപ്പെട്ട് പണിയെടുക്കുന്നത്? ഹൃദയാഘാതം വരാത്ത 40 വയസ്സ് കഴിഞ്ഞുള്ള കാലം ബോണസായി കണക്കുകൂട്ടുന്ന ഗള്‍ഫില്‍ ഇദ്ദേഹമെന്തിനാണ് ഇങ്ങനെ വിയര്‍പ്പൊഴുക്കുന്നത്? നാട്ടില്‍ ചെന്ന് ഭാര്യയോടും മക്കളോടും കൊച്ചുമക്കളോടുമൊപ്പം ബാക്കി കാലം ആസ്വദിച്ച് ജീവിച്ചുകൂടെ? ഇവിടെ പുലര്‍ച്ചെ മുതല്‍ അര്‍ധരാത്രി വരെ കാര്യമായ വിശ്രമമില്ലാതെ തുച്ഛമായ വരുമാനത്തിന് എന്തിനാണ് ഇങ്ങനെ കഫ്തീരിയ ജീവനക്കാരന്റെ റോള്‍ കെട്ടിയാടുന്നത്? അതെ, അതിലിത്ര ആലോചിക്കാനൊന്നുമില്ല. മറ്റേതൊരു കഫ്തീരിയ ജീവനക്കാരനെയും പോലെ നാട്ടിലെ ഒഴിയാ പ്രാരാബ്ധങ്ങള്‍ തന്നെയാണ് അബ്ദുല്ലച്ചയെയും ഇവിടെനിന്ന് മടങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഭാര്യയേയും കെട്ടിക്കാറായ രണ്ട് പെണ്‍മക്കളെയും പറക്കമുറ്റാത്ത, വിദ്യാര്‍ത്ഥികളായ രണ്ട് പുത്രന്മാരേയും തീ പുകയാത്ത അടുപ്പിനെയുംക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അങ്ങനെയങ്ങ് ജീവിതത്തോട് തോറ്റുകൊടുക്കില്ലെന്ന വാശിയോടെ അദ്ദേഹം തന്റെ പ്രമേഹമലട്ടുന്ന ശരീരത്തെ വയ്യാത്ത കാലുകളാല്‍ വലിച്ചുകൊണ്ടുപോകുന്നു. പൂര്‍ണമായും ജയിക്കില്ലെന്നറിയാമെങ്കിലും തോല്‍ക്കും വരെ വിജയപ്രതീക്ഷയോടെ പൊരുതുക എന്ന നയമാണ് ഈ സാധു മനുഷ്യന്‍ പിന്തുടരുന്നത്.

കാല്‍നൂറ്റാണ്ട് മുമ്പാണ് അബ്ദുല്ലച്ച മുംബൈ വഴി യുഎഇയിലെത്തിയത്. വിസ വേറൊരു ജോലിയുടേതായിരുന്നെങ്കിലും വന്നപാടെ ഷാര്‍ജ കുവൈത്ത് പള്ളിക്ക് സമീപത്തെ അല്‍ അജിദാദ് കഫ്തീരിയയില്‍ ജീവിതത്തോട് മല്ലിടല്‍ ആരംഭിച്ചു. വളരെ തുച്ഛമായിരുന്നു അന്നത്തെ ശമ്പളം. ഇന്ന് കാണുന്ന സൌകര്യങ്ങളൊന്നും അന്നില്ലായിരുന്നെങ്കിലും മനഃസമാധാനത്തോടെ ജോലി ചെയ്യാന്‍ സാധിച്ചു. നാട്ടിലെ കുടുംബം പട്ടിണിയുടെ അലട്ടലില്ലാതെ കഴിഞ്ഞു. പിന്നീട്, എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ നിന്നിറങ്ങി. ഇന്ന് ജോലി ചെയ്യുന്ന അല്‍ ഹുജൂന്‍ റെസ്റോറന്റിലെത്തി.

എന്റെ മക്കളുടെ ബയസ്സുകാരാണ് ഇബടെയുള്ളോരെല്ലാം. ഓറൊക്കെ ഞമ്മളോട് ഏറെ സ്നേഹം കാണിക്കുമ്പം കണ്ണ് നെറയുന്നു-അബ്ദുല്ലച്ച പറയുന്നു. *** അല്‍ ഹുജൂനില്‍ അബ്ദുല്ലച്ച 18 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇതിനിടെ നാല് പെണ്ണും മൂന്ന് ആണ്‍കുട്ടികളുമടക്കം ഏഴ് മക്കളില്‍ രണ്ട് പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞു. സ്ത്രീധനം നല്‍കാനില്ലാത്തതിനാല്‍ നാട്ടിലെ വീട് മകളുടെ പേരിലെഴുതിക്കൊടുത്തു. എന്നിട്ട് മഞ്ചേശ്വരം ഉദ്യാവരത്തേക്ക് താമസം മാറി. എങ്കിലും ആര് ചോദിച്ചാലും വീട് കുമ്പള ആരിക്കാടി കടവത്ത് എന്നേ അബ്ദുല്ലച്ച പറയൂ. പിറന്നുവീണ മണ്ണില്‍ നിന്ന് വേരുകള്‍ പറിച്ചുനട്ടപ്പോഴുള്ള വേദന അറിയാതിരിക്കാനാണിതെന്ന് മുഹമ്മദ്ച്ച പറയാതെ പറയും.

ഇതിനിടെ എത്രയെത്ര നോമ്പും പെരുന്നാളുകളും മുന്നിലൂടെ കടന്നുപോയി. കാല്‍നൂറ്റാണ്ടിലെ പ്രവാസ ജീവിതത്തിനിടയില്‍ കുടുംബത്തോടൊപ്പം ആഘോഷിച്ചത് നാലേ നാല് പെരുന്നാള്‍!. അല്ലെങ്കില്‍ തന്നെ കഫ്തീരിയ ജീവനക്കാരനെന്ത് പെരുന്നാള്‍!.
ഏത് പെരുന്നാളും ഞമ്മളെപ്പോലുള്ളോര്‍ക്ക് ഒരേപോലെ.. എല്ലാ ദെവസോം പെരുന്നാള്‍ എന്നും ബേണോങ്കീ പറയാം...-എല്ലാത്തിനെയും തികഞ്ഞ നിസംഗതയോടെ സമീപിക്കാന്‍ അബ്ദുല്ലച്ചയെ പരിശീലിപ്പിച്ചത് ഗള്‍ഫ് ജീവിതത്തിലെ പ്രചണ്ഢതയോട് മല്ലിട്ട് പാകപ്പെടുത്തിയ മനസ്സിന്റെ ദൃഢതയാണ്.
പെരുന്നാള്‍ ദിനത്തിലും മറ്റെല്ലാ ദിവസവും പോലെ രാവിലെ എട്ട് മണിക്ക് കഫ്തീരിയയില്‍ ജോലിക്ക് ഹാജരാകണം. ഓര്‍ഡര്‍ ലഭിക്കുന്നതനുസരിച്ച് പരിസരങ്ങളില്‍ ചായയും പലഹാരങ്ങളുമെത്തിക്കണം. 100 ദിര്‍ഹമിന് 20 ദിര്‍ഹമെന്ന നിലയ്ക്കാണ് കമ്മീഷന്‍ ലഭിക്കുക. അപ്പോള്‍ കൂടുതല്‍ കച്ചവടം നടത്തിയാല്‍ കൂടുതല്‍ പണം കിട്ടും. കാല്‍മുട്ടുകളുടെ വേദന ഗൌനിക്കാതെ അബ്ദുല്ലച്ച ഓടിച്ചാടി പണിയെടുക്കും. ഭക്ഷണവുമായി പോകുമ്പോള്‍ വേദന മനഃപൂര്‍വം മറക്കുന്നതാണ്. തിരിച്ച് വരുമ്പോള്‍ മുട്ടുകളില്‍ കൈയൂന്നിയാണ് ഇദ്ദേഹം നടക്കുക. ഇതറിയുന്ന ചുറ്റുവട്ടത്തെ പരിചിതര്‍ക്ക് കണ്ണ് നിറയിക്കുന്ന കാഴ്ചയാണത്. ഇടയ്ക്ക് റോഡരികിലെ വിളക്കുകാലില്‍ ചാരി ഇത്തിരി നേരം നില്‍ക്കും. ഇത്തിരി നേരം ഒത്തിരി നേരമാക്കാന്‍ ശരീരം നിര്‍ബന്ധിക്കും. അപ്പോള്‍ കടലിനക്കരെ കൊച്ചുവീട്ടില്‍ തന്റെ മുഖം മനസ്സില്‍ പതിച്ച് പ്രതീക്ഷയോടെയും പ്രാര്‍ത്ഥനയോടെയും നില്‍ക്കുന്ന ഭാര്യ നഫീസയെ ഓര്‍ക്കും. പുരനിറഞ്ഞു നില്‍ക്കുന്ന രണ്ട് പെണ്‍മക്കളെയോര്‍ക്കും. ഉപ്പയുടെ വരവ് പ്രതീക്ഷിച്ച് ഒന്നുമറിയാതെ ഓടിച്ചാടി നടക്കുന്ന ആണ്‍മക്കളെ ഓര്‍മ്മവരും... അപ്പോള്‍ വയ്യാത്ത കാലുകള്‍ താനേ ചലിക്കും.
'കഫ്തീരിയേലേക്കും അബടന്ന് കെട്ടിടങ്ങളിലേക്കുംള്ള വഴി എന്റെ കാലുകള്‍ക്കറിയാം. ഞമ്മള് നടക്കേയില്ല-ഇടനെഞ്ചില്‍ സങ്കടക്കടല്‍ അലറുമ്പോഴും നര്‍മത്തിലൂടെ എല്ലാം നോക്കിക്കാണാന്‍ സാധിക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ വഴിയൊരുക്കുമെന്ന് ഇദ്ദേഹം പറയുന്നു.

പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ ഇതുപോലെ ജോലിക്കെത്തണം. ഇതിനിടയ്ക്ക് സമയം കണ്ടെത്തി വേണം നാട്ടിലെയും ഗള്‍ഫിലെയും പ്രിയപ്പെട്ടവരെ ഒന്ന് ഫോണില്‍ ബന്ധപ്പെടാന്‍. ഇവിടെയുള്ള അടുത്ത ബന്ധുക്കളെ പോലും ചെന്ന് കാണുക എന്നത് തീര്‍ത്തും അപ്രാപ്യമായ കാര്യമാണ്. ഷാര്‍ജയില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന കഫ്തീരിയ തൊഴിലാളികളില്‍ ദുബൈ പോലും ഇതുവരെ കാണാന്‍ സാധിക്കാത്ത നിര്‍ഭാഗ്യവാന്മാര്‍ നിരവധിയാണ്. അവധി എന്നത് ഇവരെ സംബന്ധിച്ചിടത്തോളം മരീചികയാണ്. തങ്ങളെ ഇങ്ങോട്ട് സന്ദര്‍ശിക്കുന്ന ബന്ധുക്കളും കുറവാണെന്ന് അബ്ദുല്ലച്ച പരിഭവവത്തിന്റെ കണികപോലുമില്ലാത്ത വാക്കുകളില്‍ പറയുന്നു.

ഉച്ചക്ക് ശേഷം രണ്ടര മണി മുതല്‍ ജോലിയില്‍ ഇടവേള ലഭിക്കും. തൊട്ടടുത്തെ പള്ളിയില്‍ പ്രാര്‍ത്ഥിച്ച ശേഷം ചെന്ന് നാല് മണിവരെ വിശ്രമിക്കും. പിന്നീട് വീണ്ടും ജോലിക്കെത്തണം. മടങ്ങുക അര്‍ധരാത്രി കടയടക്കുമ്പോള്‍. വര്‍ഷങ്ങളായി ഈ ചാക്രികതയിലാണ് ജീവിതം. ഇതില്‍ നിന്നൊരു മോചനം എപ്പോഴാണെന്ന് പറയാനാവില്ലെങ്കിലും, വിദേശികള്‍ക്ക് യുഎഇയില്‍ നില്‍ക്കാനുള്ള പ്രായപരിധി 60 ആയിരിക്കെ ഇനി അത് അവസാനിക്കാന്‍ മാസങ്ങള്‍ മാത്രമാണെന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ ഇദ്ദേഹത്തിന് സാധിക്കുന്നില്ല. കാരണം,. തുടര്‍ന്ന് നില്‍ക്കണമെങ്കില്‍ പ്രതിവര്‍ഷം 1,000 ദിര്‍ഹം അടച്ച് എമിഗ്രേഷന്‍ അധികൃതരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിക്കണം. അത് പക്ഷെ, തൊഴിലുടമകള്‍ ചെയ്തുകൊടുത്ത ചരിത്രമില്ല. ഇവിടെ വ്യാപാരം നടത്തുന്നവര്‍ക്കും പ്രഫഷനലുകള്‍ക്കുമൊക്കെയാണ് ഇത്തരം നിയമാനുകൂല്യങ്ങള്‍ പ്രയോജനപ്പെടുക. ബാങ്ക് ബാലന്‍സ് പോയിട്ട് എന്‍ആര്‍ഐ അക്കൌണ്ട് പോലുമില്ലാത്ത ഒരു ഗള്‍ഫുകാരനാണ് അബ്ദുല്ലച്ച. അതാണ് തിരിച്ചുപോക്കിന്റെ വേവലാതികള്‍ മനസ്സില്‍ ഒരു ഭാരമായി കിടക്കാന്‍ കാരണം.

ഇദ്ദേഹത്തെ പോലുള്ള ആയിരക്കണക്കിന് അബ്ദുല്ലമാര്‍ ഗള്‍ഫുകളിലെ കരള്‍പിളര്‍ക്കും കാഴ്ചകളാണ്. പ്രാരാബ്ധങ്ങള്‍ ചുമലിലേറ്റി, ചോര തിളക്കുന്ന പ്രായത്തില്‍ ഗള്‍ഫിലെത്തി തുച്ഛമായ ശമ്പളത്തിന് രാപ്പകല്‍ വ്യത്യാസമില്ലാതെ പണിയെടുത്ത്, സകല രോഗങ്ങള്‍ക്കും അടിപ്പെട്ട് ഒടുവില്‍ യാത്ര വഴിമുട്ടുമ്പോള്‍ 60-ാം വയസ്സില്‍ മടങ്ങുന്ന ഹതഭാഗ്യര്‍. ഒരു കൈ സഹായിക്കുന്നത് മറുകൈ അറിയരുതെന്ന് മതം അനുശാസിക്കുന്നുണ്ടെങ്കിലും, ചെറിയ സഹായം നല്‍കുമ്പോള്‍ പോലും കൊട്ടിഘോഷിച്ച് നാട്ടാരെ അറിയിച്ച് സ്വീകര്‍ത്താവിനെ അപമാനിക്കുന്ന ഇക്കാലത്ത് ഇത്തരക്കാരെ അവര്‍ പോലും കാണുന്നില്ല.

എല്ലാവരുടെയും കണ്ണുകളില്‍ പ്രവാസി സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ ജീവിക്കുന്ന ഇവരുടെയൊക്കെ പുറംമോടി ജീവിതം തന്നെയാണോ ഉള്ളത്? അല്ലായിരുന്നെങ്കില്‍ ഇത്തരക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യാന്‍, നാലാള്‍ക്ക് ഒന്നെന്ന നിലയില്‍ ഇവിടെയുള്ള സംഘടനകളും കൂട്ടായ്മകളും കടന്നുവരേണ്ടതല്ലേ? കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണപരമായ സംഭാവനകള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവാസി മലയാളികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന ഗവണ്‍മെന്റ് വിഭാഗങ്ങളെന്തേ കഫ്തീരിയ ജീവനക്കാര്‍ക്കും അതുപോലെ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നില്ല?. ഇടയ്ക്കിടെ ഗള്‍ഫ് സന്ദര്‍ശനം നടത്തി രാഷ്ട്രീയ പാര്‍ട്ടികളുടെ അനുഭാവ സംഘടനകളെ സംരക്ഷിച്ച് നിര്‍ത്തുന്ന മുതലാളിമാരുടെ മണിമന്ദിരങ്ങളില്‍ വിരുന്നുണ്ട് മടങ്ങുന്ന നമ്മുടെ പ്രവാസി-വിദേശകാര്യ മന്ത്രിമാരും നേതാക്കന്മാരുമൊക്കെ അബ്ദുല്ലച്ചമാരെ കണ്ടിട്ടുണ്ടോ എവിടെ വെച്ചെങ്കിലും??

അബ്ദുല്ലച്ച ഇത്തരക്കാരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. കാരണം, അത് അസ്ഥാനത്താകുമെന്നറിയാം. സാധിക്കുന്നിടത്തോളം കാലം മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈനീട്ടാതെ പണിയെടുത്ത് ജീവിക്കണം എന്ന് തന്നെയായിരുന്നു ആഗ്രഹവും. പക്ഷെ, എണ്ണിച്ചുട്ടപ്പം പോലെ ബാക്കിയുള്ള മാസങ്ങള്‍ക്കകം ഇവിടെ പണിയെടുത്ത് കിട്ടുന്ന കാശുകൊണ്ട് പെണ്‍മക്കളെ കെട്ടിച്ചയക്കാനും ഭാര്യക്കും മറ്റു മക്കള്‍ക്കും ഭക്ഷണം നല്‍കാനും സാധിക്കുമോ എന്ന ഉള്‍ഭയം ഇദ്ദേഹത്തെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു. ഒരു ഗള്‍ഫുകാരനെന്ന ലേബലുള്ളതിനാല്‍ നാട്ടില്‍ ചെന്ന് ആരെയും സമീപിക്കാനാവില്ലെന്നതും ഇത്തരക്കാരുടെ പ്രശ്നമാണ്.

ജീവകാരുണ്യപ്രവര്‍ത്തനം ഒരു പ്രാര്‍ത്ഥനയായി കാണുന്ന നല്ലവരായ ബിസിനസുകാരെയും സംഘടനകളെയും വ്യക്തികളെയുമാണ് അബ്ദുല്ലച്ച പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍, നന്മയുടെ വറ്റാത്ത ഉറവ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ