2009 നവംബർ 21, ശനിയാഴ്‌ച

ദുശ്ശീലങ്ങളില്‍നിന്ന് അകലാന്‍

ദുശ്ശീലങ്ങളില്‍നിന്ന് അകലാന്‍

അതൊരു ശീലമായിപ്പോയി, ഒഴിവാക്കാന്‍ പറ്റുന്നില്ല-മദ്യപാന വിമുക്തികേന്ദ്രത്തില്‍ ചികിത്സ തേടിയെത്തുന്ന ബഹുഭൂരിപക്ഷവും ആവര്‍ത്തിക്കുന്ന വാചകമാണിത്.

മദ്യപാനം മാത്രമല്ല, നമുക്കെല്ലാം ഒട്ടേറെ ശീലങ്ങളുണ്ട്. കാലത്ത് ഒരു ചായ, ഊണിനൊപ്പം മധുരം തുടങ്ങി ചെറിയ ചെറിയ കാര്യങ്ങള്‍ പോലും നമുക്ക് ശീലമായിരിക്കും. ചില ശീലങ്ങള്‍ നല്ലതായിരിക്കും. പത്രപാരായണം, നടപ്പ് തുടങ്ങിയവ ഉദാഹരണം. ചിലത് താരതമ്യേന നിര്‍ദോഷങ്ങളായിരിക്കും. ചായകുടി പോലുള്ളവ ഈ ഗണത്തില്‍ വരും.



എന്നാല്‍ ചിലത് ശീലങ്ങളല്ല, ദുശ്ശീലങ്ങളാണ്. അത് വ്യക്തിയെ മാത്രമല്ല, കുടുംബത്തെയും തകര്‍ക്കും. എല്ലാറ്റിലുമുപരി സമൂഹത്തിനുതന്നെ അയാള്‍ ഒരു ബാധ്യതയാകും. മദ്യപാനം, പുകവലി, മയക്കുമരുന്ന്, പണംവെച്ച് ചീട്ടുകളി തുടങ്ങി ഒറ്റനമ്പര്‍ ലോട്ടറിവരെയുള്ളവ ഇത്തരം ദുശ്ശീലങ്ങളില്‍ പെടും.

ബുദ്ധിശൂന്യമായ ആവര്‍ത്തനത്തിലൂടെ നമ്മില്‍ വേരുപിടിക്കുന്ന പ്രവണതയാണ് ദുശ്ശീലങ്ങള്‍. ആവര്‍ത്തനം ഒഴിവാക്കുന്നതോടെ ശീലങ്ങള്‍ക്ക് ശക്തി കുറയും. വ്യക്തിയുടെ ദൃഢനിശ്ചയം കൂടിയുണ്ടെങ്കില്‍ ഇവയെ അറുത്തുമാറ്റാന്‍ എളുപ്പമാണ്.

കടുത്ത മദ്യപരായ എത്രയോ പേര്‍ എന്നെന്നേയ്ക്കുമായി അതില്‍ നിന്ന് മോചിതരായിരിക്കുന്നു. അവര്‍ക്കാകാമെങ്കില്‍ നമുക്കും എന്തുകൊണ്ട് ആയിക്കൂടാ? ഇത്തരം ശീലങ്ങള്‍ ദുശ്ശീലങ്ങളാണെന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്. ഇതിലേക്ക് നമ്മളെ നയിക്കുന്ന സാഹചര്യങ്ങള്‍ എന്തെന്ന് കണ്ടെത്തുകയാണ് അടുത്തപടി.

മാനസിക സമ്മര്‍ദങ്ങള്‍ അതിനൊരു കാരണമാകാം. പക്ഷേ മദ്യപിക്കുന്നതുകൊണ്ട് മാനസിക സമ്മര്‍ദമോ അതിന്റെ യഥാര്‍ഥ കാരണമോ ഇല്ലാതാകുന്നില്ല. തത്കാലം ബുദ്ധിഭ്രമംമൂലം അതില്‍നിന്ന് മോചിതനായെന്ന് തോന്നലുണ്ടാകും, അത്രമാത്രം. സുബോധംവരുമ്പോള്‍ മാനസിക സമ്മര്‍ദം
കൂടുകയും ചെയ്യും. വ്യായാമം, വിശ്രമം, വിനോദം തുടങ്ങിയ ഉപാധികളിലൂടെ സമ്മര്‍ദം ഇല്ലാതാക്കുകയാണ് വേണ്ടത്. അതോടൊപ്പം കോപം, വെറുപ്പ്, അസൂയ, കുറ്റബോധം തുടങ്ങിയ വികാരങ്ങള്‍ക്ക് നാം നമ്മളെ വിട്ടുകൊടുക്കരുത്.

ആത്മധൈര്യമാണ് ദുശ്ശീലത്തിനെതിരായ മുഖ്യ ആയുധം. 'ഞാന്‍ ശക്തനാണ്, എനിക്കിഷ്ടമില്ലാത്ത ഒരു ശീലത്തിനും എന്നില്‍ ആധിപത്യം സ്ഥാപിക്കാനാവില്ല' എന്ന് ഒരു പോരാളിയുടെ വീര്യത്തോടെ സ്വയം പ്രഖ്യാപിച്ചാല്‍ നാമറിയാതെ ഒരു ഊര്‍ജം നമ്മിലേക്ക് പ്രവഹിക്കും. അതോടൊപ്പം മറ്റുള്ളവരുടെ പിന്തുണയും തേടാം. 'ഇത് എന്റെ പ്രശ്‌നമാണ്, ഞാന്‍ കൈകാര്യം ചെയ്തുകൊള്ളാം' എന്നു പറയുന്നവര്‍ ഒരിക്കലും പ്രശ്‌നത്തെ അതിജീവിക്കില്ല. നല്ല സുഹൃത്തുക്കള്‍, ജീവിതപങ്കാളി, കൗണ്‍സലേഴ്‌സ്, ആത്മീയാചാര്യന്മാര്‍, ഡോക്ടര്‍മാര്‍ തുടങ്ങി നിരവധി പേര്‍ക്ക് ഇക്കാര്യത്തില്‍ നമ്മെ സഹായിക്കാനാകും. എല്ലാറ്റിലുമുപരി 'ഇനി ഞാന്‍ മദ്യപിക്കില്ല' എന്ന് മറ്റൊരാള്‍ക്ക് ഉറപ്പുകൊടുക്കുമ്പോള്‍ അതിനുവേണ്ടിയുള്ള പരിശ്രമം നാമറിയാതെ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകും.

പലപ്പോഴും ദുശ്ശീലങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുമ്പോഴാണ് അത് നമ്മെ കൂടുതല്‍ അടി പ്പെടുത്തുന്നത്. ദുശ്ശീലങ്ങള്‍ എന്നെന്നേയ്ക്കുമായി തകര്‍ക്കപ്പെടേണ്ടതാണ്. ദുശ്ശീലങ്ങളെ നമ്മള്‍ കൊല്ലണം, കൊന്നേ തീരൂ. ഇല്ലെങ്കില്‍ അവ നമ്മളെ കൊല്ലും.

ദുശ്ശീലങ്ങള്‍ ഇല്ലാതാക്കുന്നതിനൊപ്പം നല്ല ശീലങ്ങളിലേക്ക് നാം കടന്നുചെല്ലുകയും വേണം.
വ്യായാമം, നടപ്പ്, പെയിന്റിങ് തുടങ്ങി മറ്റു മേഖലകളില്‍ നമ്മള്‍ വ്യാപരിക്കാന്‍ തുടങ്ങുമ്പോള്‍ ദുശ്ശീലങ്ങള്‍ക്ക് മനസ്സിലേക്ക് കടക്കാന്‍ ഇടമുണ്ടാകില്ല.

അതുവഴി കിട്ടുന്ന ഊര്‍ജവും പ്രസാദാത്മകതയും ഒരു വലിയ കോട്ടയായി നമ്മെ സംരക്ഷിക്കും.

1 അഭിപ്രായം: